കേരളം
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ വന്നശേഷം നാലര വർഷത്തിനിടെ കേരള പൊലീസിൽ നിയമിച്ചത് 13,825 സിവിൽ പൊലീസ് ഓഫീസർമാരെ. പുരുഷ സിവിൽ പൊലീസ് ഓഫീസർമാരുടെ രണ്ട് റാങ്ക് പട്ടികയിൽനിന്നായി 11,420 പേർക്ക് നിയമനം നൽകി. 1666 വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കും ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ സിവിൽ പൊലീസ് ഓഫീസർമാരായി 739 പേരെയും നിയമിച്ചു.
യുഡിഎഫ് സർക്കാരിന്റ കാലത്ത് അഞ്ചു വർഷത്തിനിടെ 4796 സിവിൽ പൊലീസ് ഓഫീസർമാർക്ക് മാത്രമാണ് നിയമനം നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിവിൽ പൊലീസ് ഓഫീസർമാരുടെ (പുരുഷ) ഒരു റാങ്ക് പട്ടികയാണുണ്ടായിരുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാർ കാലത്ത് രണ്ടു പട്ടിക വന്നു. ആദ്യ പട്ടിക നിലവിൽവന്നത് 2016 ജൂൺ 21ന്.

ഈ റാങ്ക് പട്ടികയിൽനിന്ന് 5667 പേർക്കാണ് നിയമനം നൽകിയത്. 2019 ജൂലൈ ഒന്നിന് നിലവിൽവന്ന രണ്ടാമത്തെ റാങ്ക് പട്ടികയിൽനിന്ന് 5609 പേർക്കും നിയമനം നൽകി. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവായ 1046 എണ്ണവും ഇതിൽപ്പെടും.