കേരളം
തിരുവനന്തപുരം: സാലറി കട്ടിൽ ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും തീരുമാനത്തിൽ നിന്ന് പിൻമാറേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. സർക്കാർ ഉത്തരവിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ സ്റ്റേ നേടിയത്. തുക തിരികെ നൽകുന്ന കാര്യം ഉത്തരവിൽ പരാമർശിക്കരുതെന്ന് മന്ത്രിസഭ തന്നെയാണ് നിർദ്ദേശിച്ചിരുന്നത്. സ്റ്റേ നിയമനടപടികളിലൂടെ മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
നാലു സാധ്യതകൾ പരിഗണനയിൽ
1.സാലറി കട്ടിന് പകരം ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ച് ജീവനക്കാരുടെ വേതനത്തിന് തുല്യമായ തുക കണ്ടെത്തുക.
2.സാലറി കട്ട് ഉത്തരവ് ഒാർഡിനൻസിലൂടെ നടപ്പാക്കുക. ഇതിനായി നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
3. പുതിയ ഉത്തരവ് ഇറക്കുക,
4.വിധി മറികടക്കാൻ അപ്പീൽ നൽകുക.
ശമ്പളം വൈകും
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ശമ്പളവിതരണം വൈകിയേക്കാം. എം.എൽ.എ.മാരുടെ ശമ്പളം ഒരുവർഷത്തേക്ക് 30ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനും കുരുക്കായി. അത് പരിഹരിക്കാനുള്ള ഒാർഡിനൻസിന് ഇന്ന് മന്ത്രിസഭ അനുമതി നൽകിയേക്കും.