പാനൂര്‍
തെരഞ്ഞെടുപ്പ് കളത്തിൽ ഒത്തുകളി രാഷ്ട്രീയത്തിലൂടെ ‘ഒക്കച്ചങ്ങാതിമാർ’ അണിയറ നീക്കം നടത്തുമ്പോഴും ആത്മവിശ്വാസത്തോടെ ഇവയെ ‘ബ്ലോക്ക്’ ചെയ്യുകയാണ് മുൻ സംസ്ഥാന വോളിബോൾ താരം വി വി ഷഫീഖ്. പാനൂർ നഗരസഭ 19ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് ഷഫീഖ്.
മുസ്ലിംലീഗ് സ്ഥാനാർഥികൾ ജയിച്ചുവരുന്ന വാർഡിൽ സിപിഐ എം സ്ഥാനാർഥിയായ ഷഫീഖ് കനത്ത പോരാട്ടത്തിലൂടെ വിജയമുറപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. മട്ടന്നൂർ കോളേജിലൂടെ കണ്ണൂർ സർവകലാശാല താരമായ ഷഫീഖ് കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റനുമായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂരിൽ നടന്ന സൗത്ത് സോൺ മത്സരത്തിൽ ചാമ്പ്യൻഷിപ്പ്, 2001ലെ ദേശീയ വോളി കിരീടം എന്നിവ നേടിയ കേരളത്തിന്റെ താരമായിരുന്നു. രാജ്യാന്തര താരങ്ങളുടെ വമ്പൻ സ്മാഷുകളെ പ്രതിരോധിച്ച ബ്ലോക്കുകളിലൂടെ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങി.
കുന്നമംഗലത്ത് നടന്ന സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന്റെ ക്യാപ്റ്റനുമായിരുന്നു. കൊളവല്ലൂർ ജനമൈത്രി പൊലീസ് വോളി ക്യാമ്പിലെ പരിശീലകനുമാണ്. മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായ വി നാസറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്ക് സ്ഥാനാർഥിയില്ലാത്തെ നഗരസഭയിലെ ഏക വാർഡാണിത്.