കേരളം
തിരുവനന്തപുരം> ആദ്യഘട്ടങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നടത്തുന്നതിനായുള്ള കിറ്റിന് വലിയ ദൗര്ലഭ്യമാണനുഭവപ്പെട്ടതെന്നും ലോകമാകെ കോവിഡ് വ്യാപിച്ചതിനാല്‍ എല്ലാവര്ക്കും കിറ്റ് കിട്ടുന്നതിന് വലിയ പ്രയാസമുണ്ടായിരുന്നതായും ആരോഗ്യമന്ത്രി കെകെ ശൈലജ. പിസിആര്‍ ടെസ്റ്റിന്റെ എണ്ണത്തില്‍ കേരളം തന്നെ മുന്നിലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അമേരിക്കയിലടക്കം ആളുകളോട് പാരസെറ്റാമോള്‍ കഴിച്ച് വീട്ടില്‍ കഴിയാനും പരിശോധനയ്ക്കായി കിറ്റുകളില്ലെന്നും പറയുന്നതായി നിരവധി കുടുംബങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാനായി. എന്നാല്‍ വലിയ ഇടപെടല്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കിറ്റുകള്‍ ഒരു പരിധി വരെ ശേഖരിക്കാന്‍ കേരളത്തിനായി. അതേസമയം തന്നെ ശേഖരിച്ചവ പരിശോധനകള്‍ പൂര്‍ണ തോതില്‍ വര്‍ധിപ്പിക്കാവുന്ന തരത്തില്‍ ഇപ്പോഴും ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
മൂവായിരത്തിലേറെ പരിശോധനകള്‍ ഒരുദിവസം നടത്താനുള്ള ശേഷിയാണ് നമുക്കുള്ളത്. എന്നാല്‍ ഒരുദിവസം തന്നെ 3000 ടെസ്റ്റ് നടത്തി ആര്‍എന്‍എ കിറ്റ് തീര്‍ന്നാല്‍, അടുത്ത ദിവസം പൊസിറ്റീവ് ആകാന്‍ സാധ്യതയുള്ള ഒരു കേസ് വന്നുപെട്ടാല്‍ ടെസ്റ്റ് നടത്താന്‍ കഴിയാത്ത പ്രതിസന്ധിയാണുണ്ടാകുക. ഏതെങ്കിലും തരത്തില്‍ വീണ്ടും കോവിഡ് പടരാന്‍ സാഹചര്യമുണ്ടാല്‍ ടെസ്റ്റ് നടത്താന്‍ കഴിയാത്ത ഗുരുതരമായ പ്രതിസന്ധിയും ഉടലെടുക്കും. അതിനാല്‍ തന്നെ കരുതലോടെയാണ് പരിശോധനകള്‍ നടത്തുന്നത്.
സിംപ്റ്റമാറ്റിക് കേസുകളും ഹൈ റിസ്ക് കേസുകളുമാണ് ആദ്യം പരിശോധിക്കുന്നത്. എന്നാല്‍ ഒരു ദിവസം പൂര്‍ണതോതില്‍ തന്നെ ടെസ്റ്റ് നടത്താമെന്നും വരും ദിവസങ്ങളില്‍ കിറ്റിന്റെ സാധ്യതയ്ക്കനുസരിച്ച് പരിശോധനകള്‍ തുടരാമെന്നും തീരുമാനമെടുത്തു. ടെസ്റ്റുകള്‍ കേരളത്തില്‍ കുറവും കൂടുതല്‍ മഹാരാഷ്ട്രയിലുമാണെന്ന റിപ്പോര്‍ട്ട് ഒരു പത്രത്തില്‍ കണ്ടിരുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ ആന്റിബോഡി ടെസ്റ്റുകളാണ് കൂടുതലും നടത്തിയിരിക്കുന്നത്.
ആന്റിബോഡി ടെസ്റ്റിന്റെ വിശ്വാസ്യതയെ കുറിച്ച് പല ചര്‍ച്ചകളും നടക്കുകയാണ്.കേന്ദ്രസര്‍ക്കാര്‍ തന്നെ അത് ചെയ്യരുതെന്നാണ് പറഞ്ഞത്. പിസിആര്‍ ടെസ്റ്റിലെ ഒരു സാമ്പിള്‍ ഒരു വ്യക്തിയുടേതാണ്. അത്തരത്തിലാണ് കണക്കൂകൂട്ടുന്നത്. പൂള് ടെസ്റ്റും ഇപ്പോള്‍ നടക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള മികച്ച കിറ്റ് കിട്ടിയാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി