കേരളം
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപി. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാല്‍ ആ കാലത്ത് മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നെന്നായിരുന്നു സുധാകരന്റെ പരിഹാസം. പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തിലെ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുധാകരന്.
‘ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെക്കുറിച്ച് പിണറായി എന്താണ് പറഞ്ഞത്? അട്ടംപരതിയെന്ന്… ഗോപാലന് ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആ പോരാട്ടത്തില്‍ ഒരു പോരാളിയായി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് പിണറായിയില്‍ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു’, സുധാകരന്റെ പ്രസംഗം ഇങ്ങനെ.
നേരത്തെ പിണറായി വിജയനെയും അച്ഛനെയും അധിക്ഷേപിച്ച് സുധാകരന് പ്രസംഗിച്ചത് വിവാദമായിരുന്നു. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് അന്ന് സുധാകരന് അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും സുധാകരന് അപഹസിച്ചു.
ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന് എവിടെ? പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന് ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നു. ഇത് അഭിമാനമാണോ അപമാനമാണോ എന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന് പറഞ്ഞത്.
സുധാകരന്റെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് സുധാകരനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ഇവര്‍ സ്വീകരിച്ചത്. സുധാകരനെ ആദ്യം വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പിന്നീട് വിമര്‍ശനം പിന്‍വലിച്ച് മാപ്പുചോദിക്കുകയും ചെയ്തിരുന്നു.
പരാമര്‍ശത്തില്‍ പിണറായി വിജയന് തന്നെ മറുപടിയും നല്‍കിയിരുന്നു. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന വിളിയില്‍ അഭിമാനമാണെന്നും അങ്ങനെ വിളിക്കുന്നത് അപമാനമോ ജാള്യതയോയായി തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ല. ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെത്തുതൊഴിലാളിയുടെ മകനാണെന്ന്. അതില്‍ അപമാനമോ ജാള്യതയോ എനിക്ക് തോന്നുന്നില്ല. എന്റെ മൂത്ത സഹോദരന് ചെത്തുത്തൊഴിലാളിയായിരുന്നു. ആരോഗ്യമുള്ള കാലം വരെ അദ്ദേഹം ചെത്തുത്തൊഴില്‍ എടുത്ത് ജീവിച്ചു. രണ്ടാമത്തെ സഹോദരനും ചെത്തുത്തൊഴില്‍ അറിയാമായിരുന്നു. പിന്നീട് അദ്ദേഹം ബേക്കറി തൊഴിലാക്ക് മാറി. അതാണ് കുടുംബപശ്ചാത്തലം. വിളികള്‍ അപമാനകരമായി കരുതുന്നില്ല. സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നപ്പോള്‍ മുതല്‍ അറിയുന്നതാണ്. സുധാകരന് ആക്ഷേപിച്ചതായിട്ട് കരുതന്നില്ല. ചെത്തുക്കാരന്റെ മകനെന്ന വിളികള്‍ അഭിമാനമായിട്ടാണ് തോന്നുന്നത്. കാരണം ഞാന്‍ ചെത്തുത്തൊഴിലാളിയുടെ മകന് തന്നെയാണ്്’, ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന് വിളിക്കുന്നതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.