കൗതുകമായി വിവാഹത്തിന് ഭിത്തിയിൽ പതിച്ച പോസ്റ്റർ
കണ്ണൂര്‍
പാനൂര്‍: കല്യാണവീട് അസാധാരണമായ ഒരു സമരമുഖമായി മാറുകയാണ് പാനൂരിലെ കണ്ണംവെള്ളിയിൽ. കണ്ണംവെള്ളിയിലെ ഷമലിന്റെയും നീതുവിന്റെയും വിവാഹത്തിന് ഭിത്തിയിൽ പതിച്ച പോസ്റ്റർ. ദമ്പതികൾക്കുള്ള വിവാഹ ആശംസകൾ മാത്രമല്ല, പ്രതിഷേധത്തിന്റെ കനലു കൂടിയാണ്.
പാനൂരിനെ കണ്ണംവെള്ളിയുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളാണ് പാനൂർ ബസ്സ്റ്റാൻറ് – കണ്ണംവെള്ളി റോഡും കാട്ടിമുക്ക് – കണ്ണംവെള്ളി റോഡും. ഈ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് കാലമേറെയായി.
ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുവദിച്ച ഫണ്ട് പോലും വിനിയോഗിക്കാൻ പാനൂര്‍ നഗരസഭ നടപടികള്‍ എടുത്തില്ല. പരാതികൾ പറഞ്ഞ് മടുത്തപ്പോഴാണ് പാനൂർ നഗരസഭയിലേക്ക് രാഷ്ട്രീയഭേദമില്ലാതെ പ്രദേശവാസികൾ തിങ്കളാഴ്ച പ്രതിഷേധമാർച്ചും നിരാഹാരവും സംഘടിപ്പിക്കുന്നത്. പ്രദേശത്തെ വാട്സപ്പ്ഗ്രൂപ്പ് തുറന്ന് വെച്ച പ്രതിഷേധം നാട് മുഴുവൻ ഏറ്റെടുത്തു തുടങ്ങി. തെക്കെ പാനൂർ, അണിയാരം പ്രദേശത്തുള്ളവരും രാഷ്ട്രീയം മറന്ന് ഈ സമരത്തിന് പിന്തുണയേകുന്നു.

ഞായറാഴ്ച വിവാഹിതരാവുന്ന ഷമലിന്റെയും നീതുവിന്റെയും വീട്ടിലെത്തുന്ന മുഴുവനാളുകളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന അസാധാരണ കാഴ്ചയ്ക്കാണ് കല്യാണവീട് വേദിയാവുന്നത്. കല്യാണവീട്ടിലെ ചുമരിൽ പതിപ്പിച്ച പോസ്റ്റർ ആളുകൾ ആവേശത്തോടെ വായിക്കുകയും അതിനോട് ഐക്യപ്പെടുകയും ചെയ്യുന്നു. വേറിട്ട സമരമുഖം