Home ദേശീയം തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ക്ക് നൂറാണ്ട്‌ ; കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ ഇന്ന്‌ 100...

തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ക്ക് നൂറാണ്ട്‌ ; കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ ഇന്ന്‌ 100 വർഷം

52
0


ദേശീയം

ന്യൂഡൽഹി: നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന്‌‌ ഇന്ത്യയിൽ ഒരു നൂറ്റാണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ ശനിയാഴ്‌ച 100 വർഷം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ്‌ ഇന്ത്യ വിട്ടുപോവുകയും ബോൾഷെവിക്‌ വിപ്ലവനായകൻ ലെനിനുമായി ബന്ധം പുലർത്തുകയും ചെയ്‌തവരാണ്‌ പാർടി രൂപീകരണത്തിന്‌ മുൻകൈ എടുത്തത്‌.

1920 ഒക്ടോബർ 17ന്‌ താഷ്‌കെന്റിൽ ചേർന്ന രൂപീകരണയോഗം മുഹമ്മദ്‌ ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു മുഖ്യസംഘാടകൻ. എവലിൻ റോയ്‌, അബനി മുഖർജി, റോസ ഫിറ്റിൻഗോവ്‌, മുഹമ്മദ്‌ അലി, ആചാര്യ എന്നിവരും പങ്കെടുത്തു.

ഇന്ത്യൻ സാഹചര്യങ്ങൾക്ക്‌ യോജിച്ച പാർടിപരിപാടി തയ്യാറാക്കാൻ തീരുമാനിച്ചു. അംഗത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക്‌ രൂപം നൽകി. സാർവദേശീയ ഗാനാലാപനത്തോടെയാണ്‌ യോഗം സമാപിച്ചത്‌. താഷ്‌കെന്റിൽ പരിശീലനകേന്ദ്രം തുടങ്ങി. ഇന്ത്യയിൽനിന്നെത്തിയ വിദ്യാർഥികളാണ്‌ പരിശീലനം നേടിയവരിൽ ഏറിയപങ്കും. മോസ്‌കോ സർവകലാശാലയിലും ഇവർ ഒത്തുചേർന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരിൽ 10 പേരെ ‌ബ്രിട്ടീഷ്‌ ഭരണകൂടം അറസ്റ്റ്‌ ചെയ്‌തു. കേസുകളിൽ കുടുക്കി ജയിലിലടച്ചു. പെഷവാർ, കാൺപുർ, മീററ്റ്‌ ഗൂഢാലോചനക്കേസുകൾ ബ്രിട്ടീഷ്‌ സർക്കാർ ചമച്ചത്‌ ഇക്കാലത്താണ്‌.

ഇന്ത്യയിൽ പാർടി കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളെ ഇത്‌ തളർത്തിയില്ല. മാർക്‌സിസ്റ്റ്‌–- ലെനിനിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കൾ ഭയരഹിതരായി മുന്നോട്ടുവന്നു. മുസഫർ അഹമ്മദ്‌, എസ്‌ എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1921–-22 കാലത്ത്‌ അന്നത്തെ ബോംബെ, കൽക്കത്ത, മദ്രാസ്‌, ലാഹോർ, കാൺപുർ എന്നിവിടങ്ങളിൽ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകൾ സ്ഥാപിച്ചു. ‌ രാജ്യമെമ്പാടും പ്രസ്ഥാനം പടർന്നു. ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നും ഇന്ത്യക്ക്‌ പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഉള്ള മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌.

ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയരും

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്‌ച ആഘോഷിക്കും. ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തും. സംസ്ഥാനതല ഉദ്‌ഘാടനം വൈകിട്ട്‌ ആറിന്‌  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പാർടിയുടെ ഫെയ്‌സ്‌ബുക്‌ പേജിലും യൂട്യൂബ്‌ ചാനലിലും തത്സമയം. അടുത്തദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.


 

LEAVE A REPLY

Please enter your comment!
Please enter your name here