കണ്ണൂര്‍
65 വര്‍ഷം മുന്‍പ് മേക്കുന്നിന്റെ ഹൃദയ ഭാഗത്ത് ധര്മ്മാശുപത്രിയായി തുടങ്ങിയ ആതുരാലയമാണ് മേക്കുന്ന് പി എച്ച് സി. കേരളം രൂപികരിക്കുന്നതിന് മുന്നേ മലബാര്‍ മേഖല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്നത്തെ മദിരാശി മുഖ്യമന്ത്രി ആയിരുന്ന കാമരാജ് അവറുകള്‍ 1955 ല്‍ ശിലാസ്ഥാപനം നടത്തുകയും 1956 ല്‍ ഇന്ത്യന്‍ റെയില്‍വേ മന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്ത ചരിത്ര നിര്‍മ്മിതി കൂടിയാണ്.
അന്ന് ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിച്ചത്. പ്രമുഖ ചൂരല്‍ വ്യവസായികള്‍ ആയിരുന്ന കുന്നോത്ത് നെല്ലിക്ക കുടുംബാഗങ്ങള്‍ അവരുടെ പിതാവ് കുന്നോത്ത് നെല്ലിക്ക അഹമ്മദിന്റെ പേരില്‍ സൗജന്യമായി നിര്‍മ്മിച്ച് കൊടുത്തതാണ് മേക്കുന്ന് ആശുപത്രി.
പാനൂർ നഗരസഭയിൽ ഉൾപ്പെട്ടവർക്ക് മാത്രമല്ല കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂർ നിവാസികൾക്കും ചൊക്ലി പഞ്ചായത്ത് വാസികൾക്കും വരെ ഉപകാരപ്രദമായ ദിവസേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായ പ്രാഥമികരോഗ്യ കേന്ദ്രം 65 വർഷങ്ങൾക്കിപ്പുറം പുതിയ രൂപത്തിലേക്ക് മാറുകയാണ് . 1 കോടി രൂപ ചിലവഴിച്ചാണ് കെട്ടിട നിർമാണം .
കൂത്തുപറമ്പ് MLA കൂടിയായ ശൈലജ ടീച്ചറുടെ ഇടപെടൽ മൂലമാണ് ഒരു കോടി രൂപ സർക്കാരിൽ നിന്ന് അനുമതിയാക്കുവാൻ സാധിച്ചത് .
നാടിന്റെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ഓൺലൈൻ വഴി ബഹു ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു .പാനൂർ നഗരസഭ ചെയർപേഴ്സൺ ഇ കെ സുവർണ അധ്യക്ഷത വഹിച്ചു.