Home കേരളവാർത്തകൾ ക്രിസ്ത്യന്‍ മുസ്‌ലിം അകല്‍ച്ച ഭയന്ന് തിരുവമ്പാടി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് നീക്കം

ക്രിസ്ത്യന്‍ മുസ്‌ലിം അകല്‍ച്ച ഭയന്ന് തിരുവമ്പാടി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് നീക്കം

31
0


കേരളം

തിരുവമ്പാടി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ്. താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായിരുന്ന സി. മോയിന്‍കുട്ടിയുടെ മരണം സൃഷ്ടിച്ച അഭാവം ലീഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള നേതൃത്വമില്ലാതാക്കിയതും, സമീപ കാലത്ത് ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നതകളും കാരണം പരാജയഭീതി മുന്നില്‍ കണ്ട് സീറ്റ് കോണ്‍ഗ്രസിന് കൈമാറാനാണ് ലീഗിന്റെ നീക്കം. പകരം നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന കല്‍പ്പറ്റ, ബേപ്പൂര്‍, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങള്‍ ലീഗ് ആവശ്യപ്പെടുന്നുമുണ്ട്.

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി കുടിയേറ്റ ക്രിസ്ത്യാനികളുടെ കേന്ദ്രമായതിനാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. നിലവില്‍ ലവ് ജിഹാദ് ആരോപണമടക്കമുള്ള നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്‌ലിം ഐക്യത്തിന് വിള്ളലുകള്‍ വീഴ്ത്തിയിരിക്കുകയാണ്.

ഇതുകൂടാതെ തുര്‍ക്കിയിലെ ഹയാ സോഫിയ എന്ന ക്രിസ്ത്യന്‍ ദേവാലയം മുസ്‌ലിം പള്ളിയാക്കി മാറ്റിയ എര്‍ദോഗന്‍ ഭരണകൂടത്തിന്റെ നീക്കത്തെ അനുകൂലിച്ച് ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തിലെഴുതിയ ലേഖനം ക്രൈസ്തവ സംഘടനകള്‍ക്കിടയില്‍ ലീഗിനോട് ശക്തമായ എതിര്‍പ്പുകളുമുണ്ടാക്കിയിട്ടുണ്ട്.

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന് വിജയസാധ്യതയില്ല എന്ന തിരിച്ചറിവാണ് സീറ്റ് കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. മണ്ഡലത്തിലെ ലീഗിന്റെ ജനകീയനായ നേതാവായിരുന്ന സി. മോയിന്‍കുട്ടിയുടെ മരണവും ലീഗിന് വലിയ ശൂന്യതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

നിലവില്‍ എല്‍.ഡി.എഫിന്റെ കയ്യിലുള്ള മണ്ഡലം തിരികെ പിടിക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കണമെന്നാണ് യു.ഡി.എഫില്‍ ലീഗ് അറിയിച്ചിരിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ ടി.സിദ്ദീഖ്, കെ.സി അബു എന്നിവരാണ് തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് പരിഗണനയിലുള്ളത്. പക്ഷേ, ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാല്‍ മാത്രമേ വിജയസാധ്യത ഉറപ്പിക്കാനാവൂ എന്നും പ്രാദേശിക തല നേതാക്കളെ പരിഗണിക്കണമെന്നുമാണ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

കേരള കേണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിലെത്തിയത് മണ്ഡലത്തിലെ ഇടതുപക്ഷ വോട്ടുകള്‍ വര്‍ധിപ്പിക്കുമെന്നതും യു.ഡി.എഫിനെ സംബന്ധിച്ച് മത്സരം പ്രയാസമുള്ളതാക്കുന്നുണ്ട്. മലബാറില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി.

സിറ്റിംഗ് എം.എല്‍.എ ജോര്‍ജ് എം. തോമസ് മത്സര രംഗത്ത് നിന്ന് പിന്‍മാറുന്നതോടുകൂടി പ്രാദേശികരായ സി.പി.ഐ.എം നേതാക്കളെ തന്നെയാണ് എല്‍.ഡി.എഫും പരിഗണിക്കുന്നത്. പുതുപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരീഷ് ജോണ്‍, തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി ടി. വിശ്വനാഥന്‍, തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജോര്‍ജുകുട്ടി എന്നിവരാണ് എല്‍.ഡി.എഫിന്റെ പരിഗണനയിലുള്ളത്.

മണ്ഡലം തിരികെ പിടിക്കുന്ന ഉത്തരവാദിത്തം ലീഗിന് തന്നെ വരികയാണെങ്കില്‍ മുസ്‌ലിം ലീഗ് പരിഗണിക്കാന്‍ പോകുന്നവരില്‍ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം, ലീഗിന്റെ ജില്ലാ നേതാവ് സി.പി. ചെറിയമുഹമ്മദ്, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ കാസിം എന്നിവരാണുള്ളത്.

മണ്ഡല രൂപീകരണം മുതല്‍ പതിറ്റാണ്ടുകളോളം യു.ഡി.എഫ് മാത്രം വിജയിച്ചിരുന്ന തിരുവമ്പാടിയില്‍ 2006ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ മായിന്‍ ഹാജിയെ തോല്‍പ്പിച്ചുകൊണ്ട് മത്തായി ചാക്കോ വിജയിച്ചതിലൂടെയാണ് മണ്ഡലം ആദ്യമായി എല്‍.ഡി.എഫ് നേടുന്നത്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മത്തായി ചാക്കോ മരണപ്പെട്ടു. തുടര്‍ന്നുവന്ന ഉപതെരഞ്ഞെടുപ്പ് കേരളം മുഴുവന്‍ ഉറ്റുനോക്കിയതായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.എം ഉമ്മറിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിന്റെ ജോര്‍ജ് എം. തോമസ് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ വീണ്ടും ജോര്‍ജ് എം. തോമസ് മത്സരിച്ചെങ്കിലും യു.ഡി.എഫിന്റെ സി. മോയിന്‍കുട്ടിയോട് പരാജയപ്പെട്ടു. 2016ലും ഇരുവരും തമ്മില്‍ തന്നെയായിരുന്നു മത്സരം, വിജയം ജോര്‍ജ് എം. തോമസിനും.

ഒരു ഉപതെരഞ്ഞെടുപ്പിലടക്കം മൂന്ന് തവണ മാത്രമാണ് മണ്ഡലത്തില്‍ ഇതുവരെ എല്‍.ഡി.എഫ് വിജയിച്ചിട്ടുള്ളത്. മണ്ഡലത്തിന്റെ പൊതുസ്വഭാവവും ചരിത്രവും പരിശോധിച്ചാല്‍ യു.ഡി.എഫ് അനുകൂല മണ്ഡലം ആണെന്ന് തന്നെ പറയാം.

തുടക്കകാലത്ത് കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മണ്ഡലത്തില്‍ 1991 മുതലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. 1977ല്‍ നടന്ന മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിറിയക് ജോണ്‍ മത്സരിച്ച് വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത് അന്ന് അഖിലേന്ത്യാ ലീഗ് നേതാവും മുസ്ലിം ലീഗ് വിമതനുമായിരുന്ന ഇപ്പോഴത്തെ മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ ആയിരുന്നു.

1987 തെരഞ്ഞെടുപ്പില്‍ മത്തായി ചാക്കോയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി.പി ജോര്‍ജ് വിജയിച്ചു. 1991 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് നേതാവ് എ.വി അബ്ദുറഹ്മാന്‍ ഹാജി മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത് അതിനകം എന്‍.സി.പിയിലൂടെ ഇടതുപാളയത്തിലെത്തിയ മണ്ഡലത്തിലെ മുന്‍ എം.എല്‍.എ സിറിയക് ജോണ്‍ തന്നെയായിരുന്നു. 1991ലും 1996ലും തുടര്‍ച്ചയായി സിറിയക് ജോണിനെ പരാജയപ്പെടുത്തി എ.വി അബ്ദുറഹ്മാന്‍ ഹാജി എം.എല്‍.എ ആയി. 2001ല്‍ സി.മോയിന്‍ കുട്ടി വിജയിച്ചപ്പോഴും പരാജയപ്പെട്ടത് സിറിയക് ജോണ്‍ തന്നെയായിരുന്നു.

Paytm Firstgames [CPI] APK


 

LEAVE A REPLY

Please enter your comment!
Please enter your name here