കേരളം
രാജപുരം: കള്ളാർ പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതയിലും നേതാക്കളുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് മഹിളാ നേതാവും പ്രവർത്തകരും പാർടി വിട്ടു.
മുൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവും മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി കെ രാധമണിയും കോൺഗ്രസ് പ്രവർത്തകരായ സനൽകുമാർ, ശാന്ത, സരസമ്മ, വി സി മെജോ, വി കെ നിരോഷ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേർ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പാർട്ടിയിൽ ചേർന്നവർക്ക് മാലക്കല്ലിൽ നൽകിയ സ്വീകരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എ ജെ തോമസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം പി കെ രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ വി രാഘവൻ, വി കെ രാധാമണി എന്നിവർ സംസാരിച്ചു. ജിനോ ജോൺ സ്വാഗതം പറഞ്ഞു.