പാനൂര്‍
പാനൂര്‍ : കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് കടവത്തൂരിലെ സൂപ്പർ മാർക്കറ്റിന് പത്തായിരം രൂപ താലൂക്ക് പ്രത്യേക സ്ക്വാഡ് പിഴചുമത്തി.
13 രൂപയ്ക്ക് വിൽക്കേണ്ട കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കിയത്. കുപ്പിവെള്ളത്തിന് വിലകുറയ്ക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പരാതി നൽകാം. ഈത്തപ്പഴം പാക്കറ്റിന് എംആർപി യേക്കാൾ കൂടുതൽ തുക വാങ്ങിയതിന് മഞ്ഞോടി യിലെ ബേക്കറിക്ക് 5000 രൂപ പിഴ ചുമത്തി. അളവുതൂക്ക ഉപകരണങ്ങളുടെ രേഖകൾ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനെ കടവത്തൂർ, കല്ലിക്കണ്ടി എന്നിവിടങ്ങളിൽ 2 സ്ഥാപനങ്ങളിൽനിന്ന് 2000 രൂപ വീതം പിഴ ഈടാക്കി.
കടവത്തൂർ,മുണ്ടത്തോട് കല്ലിക്കണ്ടി,മഞ്ഞോടി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസർ കെ എം ഉദയൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ കെ നാസർ,താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ വി. മനോജ് റേഷനിംഗ് ഇൻസ്പെക്ടർമാരായ വി കെ ചന്ദ്രൻ, യു. ഷാബു, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അസിസ്റ്റൻറ് ടിപി ശ്രീജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.