Home ദേശീയം കണക്കുകൾ പറയുന്നു; അഭിമാനിക്കാൻ ഒന്നുമില്ല, കൊവിഡ് പ്രതിരോധത്തിൽ അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടേത് മോശം പ്രകടനം

കണക്കുകൾ പറയുന്നു; അഭിമാനിക്കാൻ ഒന്നുമില്ല, കൊവിഡ് പ്രതിരോധത്തിൽ അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടേത് മോശം പ്രകടനം

5
0


ദേശീയം

ന്യൂദൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ ശ്രമങ്ങളെ അമേരിക്ക, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുന്ന പ്രവണതയാണ് കൂടുതലും കണ്ടുവരുന്നത്. അതേ സമയം ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യയുടേത് താരതമ്യേന മോശം പ്രകടനമാണ് എന്നാണ് വ്യക്തമാകുന്നത്. അയൽ രാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക, ബം​ഗ്ലാദേശ് എന്നിവയുമായി തുലനം ചെയ്യുമ്പോഴും ഇന്ത്യയ്ക്ക് അവകാശപ്പെടാൻ വലിയ വിജയങ്ങളൊന്നുമില്ലെന്ന് ദ വയറിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

ശ്രീലങ്കയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് ജനുവരി 27നാണ്. ഇന്ത്യയിൽ ഇത് ജനുവരി 30നാണ്. ഇതും കഴിഞ്ഞ് നാലാഴ്ച്ച കഴിഞ്ഞ് ഫെബ്രുവരി 26നാണ് പാകിസ്താനിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബം​ഗ്ലാദേശിൽ ഇത് മാർച്ച് 8നാണ്.

വേൾഡോമീറ്റേഴ്സ് വെബ്സൈറ്റിന്റെ കണക്ക് പ്രകാരം മെയ് എട്ടിന് ഈ നാല് രാജ്യങ്ങളുടെ ആകെ കേസുകളുടെ എണ്ണം ഇപ്പറയുന്ന വിധത്തിലാണ്. ബം​ഗ്ലാദേശ് 13,134, ഇന്ത്യയിൽ ഇത് 59,693 ആയിരുന്നു(ഇപ്പോൾ അത് 62000 കടന്നിരിക്കുന്നു), പാകിസ്താനിൽ 26,435ആണ്. ഏറ്റവും ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശ്രീലങ്കയിൽ 824 കേസുകൾ മാത്രമാണ് മെയ് എട്ടിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണക്കുകൾ വ്യക്തമാക്കുന്നത് കൊവിഡ് പ്രതിരോധത്തിന്റെ വിഷയത്തിൽ ഇന്ത്യയേക്കാൾ മൂന്ന് ദിവസം മുൻപ് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശ്രീലങ്കയാണ് മികച്ച പ്രകടനം കാണിക്കുന്നത് എന്നാണ്. ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും, കൊവിഡ് വ്യാപനത്തിന്റെ വിഷയത്തിലും ശ്രീലങ്ക ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണ്.

ഇന്ത്യയിലും പാകിസ്താനിലുമാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 53 ദിവസം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ പാകിസ്താനേക്കാളും 11,499 കേസുകൾ കൂടുതലുമാണ്.

വൈകി കേസ് റിപ്പോർട്ട് ചെയ്ത ബം​ഗ്ലാദേശിൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും താരതമ്യേന വേ​ഗത്തിലാണ് ഇവിടെയും അസുഖം പടരുന്നത്.

മരണനിരക്ക്

ബം​ഗ്ലാദേശിലാണ് ആദ്യഘട്ടത്തിൽ കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഒരുമാസം ആകുമ്പോൾ മരണനിരക്ക് രണ്ട് ശതമാനമായി കുറച്ചു കൊണ്ടുവരാൻ ബം​ഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. ശ്രീലങ്കയിലും ആരംഭ ഘട്ടത്തിൽ മരണനിരക്ക് ഉയർന്ന തോതിലായിരുന്നു. എന്നാൽ 20 ദിവസത്തിനുള്ളിൽ ​ഗണ്യമായ തോതിലാണ് മരണനിരക്ക് കുറഞ്ഞത്. ഇപ്പോൾ ശ്രീലങ്കയിൽ ഒരു ശതമാനം മാത്രമാണ് മരണനിരക്ക്. അതേസമയം പാകിസ്താനിലും ഇന്ത്യയിലും ഇത് ഉയർന്ന തോതിലാണ്. നിലവിൽ 3.52 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയാണ് ഈ നാല് രാജ്യങ്ങളേക്കാൾ മുന്നിലുള്ളത്.

മെയ് പത്തിന് ഇന്ത്യയിൽ 62939 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോ​​ഗബാധമൂലം മരിച്ചവരുടെ എണ്ണം 2109 ആയും ഉയർന്നിട്ടുണ്ട്. 128 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത്.


 

LEAVE A REPLY

Please enter your comment!
Please enter your name here