ദേശീയം
ന്യൂദൽഹി: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, തുടങ്ങി കൊവിഡ് ലക്ഷണങ്ങളില്ലാത്തവർത്ത് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കുന്നത്.
കൊവിഡ് 19 ഇല്ലാത്ത അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ ഉത്തരവ് പുറത്തിറക്കിയത്.
കർക്കശമായ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നൽകുക. യാത്രയുടെ മേൽനോട്ടം വഹിക്കാൻ സംസ്ഥാന സർക്കാരുകൾ നോഡൽ ബോഡികളെ ചുമതലപ്പെടുത്തണം. വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. സ്വദേശങ്ങളിൽ എത്തിച്ചേർന്നാൽ ഇവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ആശുപത്രികളിൽ ഐസൊലേഷൻ നിർദേശിക്കുന്നവർ അതും പിന്തുടരണം.
ഇതിനായി പ്രത്യേക ബസുകൾക്ക് യാത്രാനുമതി നൽകും. ബസുകൾ ഓരോ ട്രിപ്പിലും സാനിറ്റെസ് ചെയ്യും. സീറ്റിങ്ങ് സൗകര്യം ഒരുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പിന്തുടരണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.